ദൈവത്തോടുള്ള കടമയും സൃഷ്ടികളോടുള്ള കടമയും
പരസ്പരം ലുബ്ധും പകയും അസൂയയും വിദ്വേഷവും വിരോധവുമെല്ലാം ഉപേക്ഷിച്ച് (നിങ്ങൾ) ഒന്നായിത്തീരുക.
വിശുദ്ധ ഖുർആന്‍റെ ബൃഹത്തായ കല്പനകൾ രണ്ടെണ്ണം തന്നെയാണ്.
1) ഒന്നാമത്തേത് സർവ്വാധിനാഥനായ അല്ലാഹുവിന്റെ തൗഹീദും അവനോടുള്ള സ്നേഹവും അവന്റെ അനുസരണയുമാകുന്നു.
2) രണ്ടാമത്തേത് തങ്ങളുടെ സഹോദരങ്ങളോടും സമസൃഷ്ടികളോടുമുള്ള സഹാനുഭൂതിയാകുന്നു.
(മനുഷ്യന്റെ ആത്മീയ) പ്രാപ്തികൾ മൂന്ന്‌വിധ ഘട്ടങ്ങളായിരിക്കുന്നത് പോലെത്തന്നെ അല്ലാഹു ഉപര്യുക്ത (രണ്ട് ബൃഹത്തായ) കല്പനകളെയും മൂന്ന് ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു. ആ പരിശുദ്ധ സൂക്തം ഇപ്രകാരമാണ്:
۞ إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ
ഇന്നല്ലാഹ യഅ്മുറു,
(1) ബിൽ അദ്‌ലി
(2) വൽ ഇഹ്സാനി
(3) വ ഈതായിദിൽഖുർബാ.
(അന്നഹൽ 90)
1) അല്ലാഹുവിനോടുള്ള കടമയും അതിന്റെ മൂന്ന് ഘട്ടങ്ങളും
ഒന്നാമത്തെ (കല്പനയുടെ) അടിസ്ഥാനത്തിൽ ഈ ആയത്തിന്‍റെ വ്യാഖാനം ഇപ്രകാരമാണ്:
1.1) തങ്ങളുടെ സ്രഷ്ടാവിന്‍റെ അനുസരണയിൽ നിങ്ങൾ നീതിയുടെ (അഥവാ അദ്ലിന്റെ) മാർഗ്ഗം സ്വീകരിക്കുക. ഒരിക്കലും അക്രമി ആയിത്തീരരുത്. എന്തെന്നാൽ, അവനെ കൂടാതെ ആരാധിക്കാനും സ്നേഹിക്കാനും ഭരമേല്പിക്കുവാനും അർഹനായി മറ്റാരുമില്ല; അവന്‍റെ സൃഷ്ടികർതൃത്വം, സകലചരാചരങ്ങളെയും നിലനിർത്തിക്കൊണ്ടുള്ള പരിപാലനം, സവിശേഷ രക്ഷാകർതൃത്വം തുടങ്ങിയ സിഫത്തുകൾ കാരണം എല്ലാ അവകാശങ്ങളും അവനുള്ളതായിത്തീരുന്നു. അപ്രകാരം നിങ്ങളും അവനോട് അവന്‍റെ ആരാധനയിലും സ്നേഹത്തിലും അവന്‍റെ രക്ഷാധികാരത്തിലും മറ്റൊരാളെയും പങ്കുകാരനാക്കാതിരിക്കുവിൻ. നിങ്ങൾ ഇത്രത്തോളം ചെയ്യുന്നുവെങ്കിൽ അത് നീതിയുടെ (അദലിന്‍റെ ഘട്ടം) ആകുന്നു. അത് പരിഗണിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്.
1.2) അനന്തരം ഈ അവസ്ഥയിൽനിന്ന് പുരോഗതി പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ‘ഇഹ്സാന്‍റെ’ ഘട്ടമാകുന്നു. അതായത് അല്ലാഹുവിന്‍റെ മഹത്ത്വത്തെ എത്രത്തോളം അംഗീകരിക്കണമെന്നാൽ അവന്‍റെ മുന്നിൽ തന്‍റെ ആരാധനകളുടെ കണിശമായ മര്യാദ പാലിക്കുന്നവനായിത്തീരണം. അവന്‍റെ മഹത്ത്വവും ശക്തിപ്രതാപവും മങ്ങാത്ത സൗന്ദര്യവും ദർശിച്ചു കഴിഞ്ഞവനെ പോലെ അവനോടുള്ള പ്രേമത്തിൽ എല്ലാം മതിമറന്നുപോകേണ്ടതാണ്.
1.3) അതിനുശേഷം ‘ഈതായിദിൽ ഖുർബാ’ യുടെ ഘട്ടമാകുന്നു. അതെങ്ങനെയാണെന്നാൽ, അല്ലാഹുവിനോടുള്ള നിങ്ങളുടെ ആരാധനയും, സ്നേഹവും, അനുസരണയും അഭിനയത്തിൽ നിന്നും കൃത്രിമത്വത്തിൽനിന്നും തികച്ചും മുക്തമാവുകയും നിങ്ങൾ അവനെ സ്വന്തം പിതാക്കളെ ഓർക്കുന്നത് പോലുള്ള ഒരു ആത്മബന്ധത്തോടെ ഓർക്കുകയും ചെയ്യണം. ഒരു പൈതൽ തന്‍റെ പ്രിയപ്പെട്ട മാതാവിനോടു പ്രകടിപ്പിക്കുന്നതുപോലുള്ള സ്നേഹം നിങ്ങൾക്ക് അവനോട് ഉണ്ടായിത്തീരുമാറാകണം.
2) സൃഷ്ടികളോടുള്ള കടമയും അതിന്റെ മൂന്ന് ഘട്ടങ്ങളും
രണ്ടാമത്തെ (ബൃഹത്തായ കല്പനയുടെ) അടിസ്ഥാനത്തിൽ മേല്പറഞ്ഞ ആയത്തിന്‍റെ വിവക്ഷയിപ്രകാരമാണ്:
2.1) തങ്ങളുടെ സഹോദരന്മാരോടും സമസൃഷ്ടികളോടും നീതി കാണിക്കുക. തന്‍റെ അവകാശത്തിൽ കവിഞ്ഞ് അവരോട് ഒരുവിധത്തിലുള്ള വിരോധഭാവവും കാട്ടരുത്. നീതിന്യായത്തിൽ നിലകൊള്ളുക.
2.2) അതിൽനിന്നും പുരോഗതി ആഗ്രഹിക്കുന്നുവെങ്കിൽ അത് ‘ഇഹ്സാന്‍റെ’ ഘട്ടമാകുന്നു. അതിതാണ്, നീ നിന്‍റെ സഹോദരന്‍റെ തിന്മക്ക് പകരം നന്മ (അഥവാ ഉപകാരം) ചെയ്യുക. അവന്‍റെ പീഢനത്തിനു ബദലായി അവന്ന് സമാധാനം പകരുക. ഉദാരമനസ്കതയും പരോപകാരത്തോടും കൂടി സഹായഹസ്തം നീട്ടുക.
2.3) അനന്തരം ‘ഈതായിദിൽ ഖുർബായുടെ’ ഘട്ടമാണ്. അതായത് നീ ഒരുതരത്തിലുള്ള പ്രത്യുപകാരവും സ്വീകരിക്കാതെ തന്‍റെ സഹോദരനു വേണ്ടി നന്മചെയ്യുകയും മനുഷ്യകുലത്തിന്‍റെ ക്ഷേമത്തിനായി വർത്തിക്കുകയും ചെയ്യുക. അത് ഉറ്റബന്ധുക്കൾ പരസ്പരം ബന്ധുത്ത്വത്തിന്‍റെ പ്രകൃതിദത്തമായ താൽപര്യത്താൽ നന്മകൾ ചെയ്യുന്നതുപോലെ നീ ഹൃദയത്തിൽ മറ്റൊരുദ്ദേശ്യവും വെക്കാതെ സഹജമായ നിലയിൽ ചെയ്യേണ്ടതാണ്. ഇത് സ്വഭാവ പരിഷ്കരണത്തിന്‍റെ അവസാന ഔന്നത്യഘട്ടമാകുന്നു. അതായത് സൃഷ്ടികളോടുള്ള സഹാനുഭൂതിയിൽ ഒരുതരത്തിലുള്ള സ്വാർഥതാല്പര്യമോ ലക്ഷ്യമോ കടന്നുകൂടരുത്. മറിച്ച് സാഹോദര്യത്തിന്‍റെയും ആത്മബന്ധത്തിന്‍റേയും ഉത്സാഹം മികവുറ്റ നിലയിൽ വളർന്നുവരണം. തന്മൂലം ഒരു പ്രദർശനപരതയും കൂടാതെ, യാതൊരു നന്ദിവാക്കോ പ്രാർത്ഥനയോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രതിഫലമോ പ്രതീക്ഷിക്കാതെ ആ നന്മ കേവലം പ്രകൃത്യായുള്ള പ്രേരണയാൽ തന്നിലൂടെ നിർവേറ്റപ്പെടുമാറാകണം.
[ഹുസൂർ(അ) ഈ ഗ്രന്ഥത്തിൽ പേരെടുത്ത് വിവരിച്ച ചില സാഹാബാക്കളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ രേഖപ്പെടുത്തിയ ശേഷം ചുവടെ ചേർത്ത ഉപദേശം കൂടി നൽകിക്കൊണ്ട് ജമാഅത്തിനുള്ള ഈ ഉപദേശങ്ങളുടെ ഖണ്ഡം അവസാനിപ്പിച്ചു]
“ഇസ്‌ലാമിന്‍റെ പരിപൂർണ്ണ പ്രതിരൂപം നിങ്ങളുടെ അസ്തിത്ത്വത്തിൽ തെളിഞ്ഞുകാണേണ്ടതാണ്. നിങ്ങളുടെ നെറ്റിത്തടങ്ങളിൽ സാഷ്ടാംഗ പ്രണാമത്തിന്‍റെ അടയാളം കാണപ്പെടുമാറാകട്ടെ. അല്ലാഹുവിന്‍റെ മഹത്വം നിങ്ങളിൽ സദാ നിലനിൽക്കട്ടെ. വിശുദ്ധ ഖുർആന്റെയും തിരുഹദീസുകളുടെയും എതിരിൽ ബൗദ്ധിക പ്രമാണങ്ങളുടെ ഒരു വലിയ പ്രപഞ്ചം തന്നെ നിങ്ങൾ ദർശിക്കുകയാണെങ്കിൽ പോലും അതിനെ നിങ്ങൾ സ്വീകരിക്കരുത്. ബുദ്ധിശക്തിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നുവെന്ന് ഉറച്ച് വിശ്വസിക്കുക. തൗഹീദിൽ സുസ്ഥിരനായി നിൽക്കുക! നമസ്ക്കാരത്തിൽ കൃത്യനിഷ്ഠ കാണിക്കുകയും തന്റെ യഥാർത്ഥ യജമാനന്‍റെ ആജ്ഞകൾക്ക് എല്ലാത്തിനേക്കാളും മുൻഗണന നൽകുകയും ചെയ്യുക! ഇസ്‌ലാമിനു വേണ്ടി സകലവിധ പ്രയാസങ്ങളും സഹിച്ചുകൊൾവിൻ!”
وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
(ഇസാലയെ ഔഹാം)
[ചില തലക്കെട്ടുകളും അക്കങ്ങളും ഗ്രഹിക്കാനുള്ള സൗകര്യാർത്ഥം പരിഭാഷയിൽ മാത്രം ചേർത്തതാണ്]