സത്യസന്ധത പാലിക്കുവിൻ! സത്യസന്ധത പാലിക്കുവിൻ! എന്തെന്നാൽ, അല്ലാഹു നിങ്ങളുടെ ഹൃദയത്തിലുള്ളതെന്തെന്ന് കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യന് അല്ലാഹുവിനെയും വഞ്ചിക്കാൻ സാധിക്കുമോ? അവന്റെ മുന്നിലും മർത്ത്യ കുതന്ത്രങ്ങൾ വിലപോകുമോ! അങ്ങേയറ്റം ഹതഭാഗ്യനായ മനുഷ്യൻ ദൈവം തന്നെയില്ലെന്നമട്ടിൽ തന്റെ നീചകൃത്യങ്ങൾ പാരമ്യതയിൽ എത്തിക്കുന്നു. അങ്ങനെ പെട്ടെന്നവൻ നാശത്തിനിരയാകുന്നു. അല്ലാഹു അവനെ തെല്ലു പോലും വിലവെക്കുന്നില്ല.
പ്രിയപ്പെട്ടവരേ, ഈ ദുനിയാവിലെ കേവല തർക്കശാസ്ത്രം ഒരു സാത്താനാകുന്നു. ഈ ലോകത്തിന്റെ പൊള്ളയായ ഫിലോസഫി ഒരു ഇബ്ലീസ് ആകുന്നു. അത് ഈമാന്റെ തേജസ്സിനെ അങ്ങേയറ്റം നിഷ്പ്രഭമാക്കിക്കളയും; അനന്തരം നിർഭയത്വം സൃഷ്ടിക്കുകയും താമസിയാതെ മനുഷ്യനെ നിരീശ്വരത്വം വരെ എത്തിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അവയിൽ നിന്ന് സ്വയം സുരക്ഷിതരാവുക. ഒരു ദരിദ്രന്റെയും ഭിക്ഷുവിന്റെയും പോലുള്ള ഹൃദയം ഉണ്ടാക്കിയെടുക്കുക. മാതാവിന്റെ വാക്കുകളനുസരിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ യാതൊരു മുറുമുറുപ്പും കൂടാതെ (അല്ലാഹുവിന്റെ) കല്പനകൾ അനുസരിക്കുന്നവരായിത്തീരുക.
വിശുദ്ധ ഖുർആന്റെ അദ്ധ്യാപനങ്ങൾ നിങ്ങളെ തഖ്വയുടെ അത്യുന്നത നിലകളിലേക്ക് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനു നേർക്ക് തങ്ങളുടെ കാതുകൾ കൂർപ്പിച്ചുകൊൾവിൻ. സ്വയം തങ്ങളെ അതിന്റെ മാതൃകയിൽ വിളങ്ങുന്ന സ്വച്ഛ സ്വരൂപങ്ങളാക്കുവിൻ. വിശുദ്ധ ഖുർആൻ, ഇഞ്ചീൽ പറയുന്നതുപോലെ അന്യസ്ത്രീകളെ, അല്ലെങ്കിൽ സ്ത്രൈണ സ്വഭാവമുള്ള ദുർവികാരം ജനിപ്പിച്ചേക്കാവുന്നവയെ കാമചിന്തകളോടെ നോക്കരുത് എന്നുമാത്രം പറയുകയല്ല ചെയ്തിരിക്കുന്നത്. പ്രത്യുത, നീ കാമചിന്തയോടെയാലും വെറുതെയായാലും അന്യസ്ത്രീകൾക്കു നേരെ അനാവശ്യമായി ദൃഷ്ടികളുയർത്തി നോക്കുകയേ അരുത് എന്നാണ് കൽപ്പിക്കുന്നത്. തന്നെയുമല്ല, നീ കണ്ണുകൾ അടച്ചുവെച്ചുകൊണ്ട് അബദ്ധം പിണഞ്ഞുപോകുന്നതിൽനിന്ന് സ്വയം രക്ഷപ്പെട്ടുകൊള്ളുക, തൽഫലമായി നിന്റെ ഹൃദയ പവിത്രതക്ക് ഒരു ചാഞ്ചാട്ടവും വരാതിരിക്കട്ടെ. ഇതാണ് വിശുദ്ധ ഖുർആന്റെ പരിപൂർണ്ണ അദ്ധ്യാപനം ഇച്ഛിക്കുന്നത്. അതിനാൽ നിങ്ങൾ നിങ്ങളുടെ യജമാനന്റെ ഈ കൽപന നല്ലവണ്ണം ഓർമ്മിക്കുക; അനന്തരം കണ്ണുകളുടെ വ്യഭിചാരത്തിൽനിന്ന് സ്വയം രക്ഷപ്പെട്ടുകൊള്ളുക. ഏതൊരുവന്റെ രോഷത്തിനാണോ ഒരു ഞൊടിയിടയിൽ എല്ലാം തകർത്തുകളയാനുള്ള ശക്തിയുള്ളത് ആ അസ്തിത്വത്തിന്റെ രോഷത്തെ ഭയപ്പെടുവിൻ. തങ്ങളുടെ കാതുകളേയും പരസ്ത്രീകളുടെ കഥകളിൽനിന്നും എല്ലാതരം നിഷിദ്ധ സ്മരണകളിൽ നിന്നും സംരക്ഷിക്കേണ്ടതാണെന്നു കൂടി വിശുദ്ധ ഖുർആൻ അരുൾ ചെയ്യുന്നു.
നിങ്ങൾ കൊലപാതകം നടത്തരുതെന്ന് പറയേണ്ട അവശ്യം എനിക്കിപ്പോഴില്ല. കാരണം ക്രൂരത അതിന്റെ കൊടുമുടിയിലെത്തിച്ച ഒരുവനല്ലാതെ ആരാണ് മറ്റൊരുവനെ വധിച്ചുകളയാൻ തുനിയുക? പക്ഷേ, ഞാൻ പറയുകയാണ്, അനീതിയിൽ ശാഠ്യം പിടിച്ചുകൊണ്ട് നിങ്ങൾ സത്യത്തെ അറുകൊല ചെയ്യരുത്! ഒരു കൊച്ചുകുട്ടിയിൽ നിന്നോ ശത്രുവിൽ നിന്നോ ആയാൽ പോലും സത്യവസ്തുത കണ്ടെത്തിയാൽ നിങ്ങളുടെ ശുഷ്കമായ തർക്കശാസ്ത്രം വിട്ടൊഴിയുകയും ആ സത്യവസ്തുതയെ സ്വീകരിക്കുകയും ചെയ്യുക! സത്യത്തിൽ ഉറച്ച് നിൽക്കുവിൻ! സത്യത്തിനു വേണ്ടി മാത്രം സാക്ഷ്യം വഹിക്കുവിൻ!
അല്ലാഹു ജല്ലശാനുഹൂ അരുളുന്നു,
فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ
(അൽഹജ് 31)
അതായത്, ‘ബിംബങ്ങളുടെ അശുദ്ധിയിൽനിന്ന് വിട്ടുമാറുവിൻ; കളവിൽനിന്നും. അത് ബിംബപൂജയിൽ കുറഞ്ഞ ഒന്നല്ല’ സത്യത്തിന്റെ ഖിബ്ലയിൽ നിന്ന് നിങ്ങളുടെ മുഖം തിരിപ്പിക്കുന്നതെന്തോ അതുതന്നെയാണ് നിങ്ങളുടെ മാർഗ്ഗത്തിലെ വിഗ്രഹം. സത്യത്തിനു വേണ്ടി മാത്രം സാക്ഷ്യം വഹിക്കുക; അത് നിങ്ങളുടെ പിതാക്കൾക്കും സഹോദരങ്ങൾക്കും സ്നേഹിതർക്കും എതിരായാൽ പോലും. യാതൊരുവിധ ശത്രുതയും നിങ്ങൾക്ക് നീതിപ്രവൃത്തിക്കുന്നതിന് പ്രതിബന്ധമാകരുത്.
(ഇസാലെ ഔഹാം)