ഈസാനബി മരിച്ചു പോയിരിക്കുന്നുവെന്ന് തെളിയിക്കേണ്ടത് ഒരുതരത്തിലും ആരുടെയും ബാധ്യതയില്‍പെട്ട കാര്യമേയല്ല. കാരണം, എല്ലാവര്‍ക്കുമറിയാം ലോകം നാശത്തിന്‍െറ ഗേഹമാണെന്നും ഇവിടെ ജനിക്കുന്നവരെല്ലാം മരിക്കുമെന്നും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക:
کُلُّ نَفۡسٍ ذَآئِقَۃُ الۡمَوۡتِ
എല്ലാ ജീവിക്കും മരണം നിശ്ചയിക്കപ്പെട്ടതാണ് (ഖുര്‍ആന്‍ 29:58)
എന്നാല്‍, ഈസാനബി (അ) മരിച്ചിട്ടില്ലെന്നുള്ള ഒരു അബദ്ധവിശ്വാസം പൊതു മുസ്ലിംങ്ങളിൽ പരന്നുവശായിട്ടുണ്ട്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:
وَ مَا مُحَمَّدٌ اِلَّا رَسُوۡلٌ ۚ قَدۡ خَلَتۡ مِنۡ قَبۡلِہِ الرُّسُلُ ؕ اَفَا۠ئِنۡ مَّاتَ اَوۡ قُتِلَ انۡقَلَبۡتُمۡ عَلٰۤی اَعۡقَابِکُمۡ ؕ وَ مَنۡ یَّنۡقَلِبۡ عَلٰی عَقِبَیۡہِ فَلَنۡ یَّضُرَّ اللّٰہَ شَیۡئًا
മുഹമ്മദ് അല്ലാഹുവിൻ്റെ ഒരു റസൂല്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പേയുള്ള റസൂല്‍മാരെല്ലാം കാലഗതി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുതികാലുകളിന്മേൽ പിന്തിരിഞ്ഞു കളയുമോ? (വി.ഖുര്‍ആന്‍ 3:145)
ഈ വചനത്തില്‍ അല്ലാഹു ഈസാനബി(അ)യുടെ മരണം ഖണ്ഡിതമായി പ്രഖ്യാപിച്ചിരിക്കുന്നു. നബിതിരുമേനി(സ)ക്ക് മുമ്പേയുണ്ടായിരുന്ന റസൂല്‍മാരെല്ലാം ഒന്നൊഴിയാതെ മരണപ്പെട്ടു പോയിരിക്കുന്നുവെന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍, ഈ വചനത്തില്‍ ഉപയോഗിച്ചിട്ടുള്ള ‘ഖലാ’ എന്ന പദത്തിന് മരിക്കുക എന്നു മാത്രമല്ല, സ്ഥലം വിടുക, കഴിഞ്ഞുപോവുക എന്നുകൂടി അര്‍ത്ഥമുണ്ടെന്നും ഏതൊരാള്‍ ആകാശത്തിലേക്ക് പോകുന്നുവോ അയാളെപ്പറ്റിയും സ്ഥലം വിട്ടുകഴിഞ്ഞു പോയി എന്നു പറയാവുന്നതാണെന്നും അതിനാല്‍, ഇവിടെ മരിച്ചു പോയി എന്ന അര്ത്ഥമെടുക്കേണ്ടതില്ലെന്നും എന്നു അവകാശപ്പെടുന്നവരും ഉണ്ട്. എന്നാല്‍, ‘ഖലാ‘ എന്ന പദത്തിനു ശബ്ദകോശത്തില്‍ മരിച്ചു എന്നും സ്ഥലംവിട്ടു, കഴിഞ്ഞുപോയി എന്നും അര്‍ത്ഥമുണ്ടെങ്കില്‍, ഈ രണ്ട് അര്‍ത്ഥത്തില്‍ ഏതാണിവിടെ യോജിക്കുക എന്ന് തിട്ടപ്പെടുത്തുന്നതിന് പ്രസ്തുത വചനത്തിന്‍െറ സന്ദര്‍ഭത്തെക്കുറിച്ച് ചിന്തിക്കണം.
‘ഖലാ’ എന്ന പദത്തിന് രണ്ടര്‍ത്ഥമാണ് ശബ്ദകോശം പറയുന്നത് “മരിച്ചു പോവുക“എന്ന അര്ത്ഥത്തിന് രേഖ കാണിക്കേണ്ട ആവശ്യം പോലും ഉണ്ടാകേണ്ടകാര്യമില്ല. “മരിച്ചു പോവുക“ എന്ന അര്ത്ഥത്തിന് സുപ്രസിദ്ധമായ ‘താജുല്‍ അറൂസ്’ എന്ന നിഘണ്ടു നോക്കുക. അതില്‍ പറയുകയാണ്. “ഖലാ ഫുലാനുന് ഇദാ മാത്ത“ എന്നു പറഞ്ഞാല്‍ ഇന്നവന് മരിച്ചുപോയി എന്നാണര്‍ത്ഥം.
തര്‍ക്കത്തിലുള്ള വചനം പരിശോധിക്കുകയാണെങ്കില്‍ ആ വചനത്തിന് മുമ്പും പിമ്പും അഹ്മദിയ്യാ ജമാഅത്ത് പറയുന്ന അര്‍ത്ഥത്തെ വ്യക്തമായി അനുകൂലിക്കുന്നതായി കാണാം.
നബിതിരുമേനി(സ)ക്ക് മുമ്പേയുള്ള റസൂല്‍മാരെല്ലാം അന്തരിച്ചു പോയിരിക്കുന്നതിനാല്‍ അദ്ദേഹവും മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഇസ്ലാമില്‍നിന്ന് പിന്തിരിയുമോ എന്നാണ് അല്ലാഹു ചോദിക്കുന്നത്. ഈ വാക്യത്തിലെ اَفَا۠ئِنۡ مَّاتَ اَوۡ قُتِلَ (മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍) എന്ന ഭാഗം തെളിയിക്കുന്നത് നബിതിരുമേനിക്ക് മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെല്ലാം സ്വാഭാവികമായ മരണത്താലോ അല്ലെങ്കില്‍ കൊല്ലപ്പെടുകയാലോ ഈ ലോകത്തുനിന്ന് മണ്മറഞ്ഞു പോയവരാണെന്നാണ്. അവര്‍ ഈ ലോകത്തെ വിട്ടു പിരിഞ്ഞത് ഈ രണ്ട് മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കൂടി മാത്രമാണെന്നുമാണ്. കാലം ചെയ്ത പ്രവാചകന്മാരില് ഏതെങ്കിലുമൊരാള്‍ ആകാശത്തിലേക്ക് ഉയര്ത്തപ്പെട്ടിരുന്നുവെങ്കിലോ, മേല്പറഞ്ഞ മാര്ഗ്ഗങ്ങളല്ലാത്ത മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ കൂടി അവരുടെ വേര്‍പാട് സംഭവിച്ചിരുന്നുവെങ്കിലോ അല്ലാഹു തീര്‍ച്ചയായും ആ മാര്‍ഗ്ഗത്തെപ്പറ്റിയും ഇവിടെ പറയുമായിരുന്നു. ചുരുങ്ങിയപക്ഷം ഈസാനബി(അ)യെ ഇതില്‍നിന്ന് ഒഴിവാക്കുകയെങ്കിലും ചെയ്യുമായിരുന്നു. എന്നാല്‍, അല്ലാഹു അപ്രകാരം ചെയ്തിട്ടില്ല. നേരെമറിച്ച്, സ്വാഭാവികമായ മരണത്തിൻ്റെയും അസ്വാഭാവികമായ മരണത്തിൻ്റെയും രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രം വിവരിക്കുകയാണ് ചെയ്തത്.
ഈ വചനത്തിലെ ‘ഖലാ’ എന്ന പദത്തിന് സ്വാഭാവികമായി മരിച്ചെന്നോ അല്ലെങ്കില്‍ വധിക്കപ്പെട്ടു എന്നോ അല്ലാതെ മറ്റൊരു അര്‍ത്ഥമെടുക്കാന്‍ നിവൃത്തിയില്ലെന്ന് ഇതില്‍നിന്ന് നല്ലതുപോലെ മനസ്സിലാകുന്നു.