“ഇന്ത്യയിൽ ഇസ്ലാംമതം പ്രചരിച്ചത് വാളുകൊണ്ടാണ് എന്ന വിശ്വാസം തികച്ചും തെറ്റാകുന്നു. തീർച്ചയായും അത് അങ്ങനെയായിരുന്നില്ല. രാജാക്കന്മാരുടെ അധികാരം കൊണ്ടല്ല ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിച്ചത്, മറിച്ച്, രാജാക്കന്മാർ മത കാര്യങ്ങളിൽ വളരെ കുറച്ച് മാത്രമേ ശ്രദ്ധ വെച്ചിരുന്നുള്ളൂ. ഇന്ത്യയിൽ ഇസ്ലാംമതം പ്രചരിച്ചത് പ്രാർത്ഥനയുടെ ഫലമായാണ്.
പല കാലഘട്ടങ്ങളിൽ ഇന്ത്യയിൽ ജീവിച്ച പരിശുദ്ധനും ഭക്തരുമായ ദിവ്യാത്മാക്കളുടെ പ്രാർത്ഥനയും പരിചരണവും ശ്രദ്ധയുമാണ് ഇസ്ലാം പ്രചരിക്കാൻ കാരണമായത്. രാജാക്കന്മാർക്ക് മനുഷ്യ ഹൃദയങ്ങളിൽ ഇസ്ലാമിനോടുള്ള സ്നേഹം അങ്കുരിപ്പിക്കാനുള്ള ശേഷിയില്ല. ഒരാൾ അയാളുടെ ജീവിതത്തിലൂടെ ഇസ്ലാമിന്റെ ഒരു സജീവമാതൃക കാഴ്ചവെക്കുന്നത് വരെ അയാളുടെ ജീവിതം ഒരിക്കലും മറ്റുള്ളവരിൽ ഒരു പ്രഭാവവും ചെലുത്തുന്നില്ല.
ദിവ്യാത്മാക്കൾ ദൈവത്തിൽ പൂർണ്ണമായി ലയിക്കുകയും വിശുദ്ധ ഖുർആന്റെയും ഇസ്ലാമിന്റെയും സാക്ഷാൽക്കാരവും തിരുനബി(സ)യുടെ സ്വഭാവ ഗുണങ്ങളുടെ ജീവൽ പ്രതീകവുമായിത്തീരുകയും ചെയ്യുന്നതിന് ശേഷം ഇത്തരം ദിവ്യാത്മാക്കളിൽ സൽപ്രകൃതിയുള്ള സത്യാന്വേഷികളെ ആകർഷിക്കാനുള്ള ഒരു കഴിവ് നൽകി അനുഗ്രഹിക്കപ്പെടുന്നു. ഇപ്രകാരം ഈ ദിവ്യാത്മാക്കളാൽ ആകർഷിക്കപ്പെട്ട് തൊണ്ണൂറ് ദശലക്ഷം ആളുകൾ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്.
ഇത് ചുരുങ്ങിയ കാലം കൊണ്ട് ഇസ്ലാം മതത്തെപ്പോലെ മറ്റൊരു മതവും ഇത്രയധികം ജനങ്ങളിൽ പ്രചാരപ്പെട്ടിട്ടില്ല. സാത്വികരും ആത്മീയമായി സംസ്കരണം സിദ്ധിച്ചവരുമായ ഈ ദിവ്യാത്മാക്കൾ ഏറ്റവും മഹനീയമായ ജീവിതമാതൃകയാണ് കാഴ്ചവെച്ചത്. അവരുടെ ആത്മീയ ജ്ഞാനത്തിന്റെ ബലത്താൽ ജനങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. സാധാരണ ജനങ്ങളുടെ വിമർശനവും പഴിയും ഈ പവിത്രാത്മാക്കൾ കേൾക്കാതിരുന്നിട്ടില്ല. അതായത്, ഞാനും ഇപ്പോൾ ജനങ്ങളുടെ പഴികൾക്കും കുത്തുവാക്കുകൾക്കും ശരവ്യനാണല്ലോ, ഇതെല്ലാം പൂർവ്വകാലത്തെ മഹാത്മാക്കളും അനുഭവിച്ചിട്ടുണ്ട്.”
വാഗ്ദത്ത മഹ്ദി മസീഹ്, ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അ) – മൽഫൂസാത്ത് Vol 4, P. 142-147
സൂഫിവര്യന്മാർ പ്രചരിപ്പിച്ച ഇസ്ലാം
ഇന്ത്യയില്‍ ഇസ്‌ലാം മതം എങ്ങനെ വിപുലമായ തോതില്‍ പ്രചരിച്ചു എന്നത് വിവാദപരമായ ചരിത്രപ്രശ്‌നമാണ്. ഇന്ത്യയില്‍ ഇസ്‌ലാം മത പ്രബോധനത്തിനും പ്രചാരണത്തിനും മുസ്‌ലിം രാജാക്കന്മാര്‍ യാതൊരു സംഭാവനയും നല്‍കയിട്ടില്ല. ഇസ്‌ലാം മതം പ്രചരിപ്പിക്കാന്‍ രാജാക്കന്മാര്‍ക്കും അധികാരസ്ഥന്‍മാര്‍ക്കം കഴിയില്ല എന്നതാണ് വാസ്തവം. രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാം തളരുകയാണുണ്ടായത്.
റസൂല്‍ തിരുമേനിക്ക് 15 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് മുസ്‌ലിംകളുടെ വരവ് ആരംഭിച്ചിരുന്നു. മതപ്രചാരണാര്‍ത്ഥം ഇന്ത്യയില്‍ വന്ന ഭക്തരായ ദിവ്യാത്മാക്കളും അധികാരവും സമ്പത്തും വെട്ടിപ്പിടിക്കാന്‍ വന്ന പടയോട്ടക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അധികാരവും സമ്പത്തും വെട്ടിപ്പിടിക്കാന്‍ ഒരിക്കലും ഇന്ത്യയിലേക്ക് മതപ്രബോധകര്‍ വന്നിട്ടില്ല. അവരുടെ ലക്ഷ്യവും മാര്‍ഗ്ഗവും രീതിയുമെല്ലാം വ്യത്യസ്തമായിരുന്നു.
രാജാക്കന്മാരുടെ ആക്രമണം ഭയന്ന് കൂട്ടമായി ഇസ്‌ലാം മതത്തില്‍ ചേര്‍ന്നവര്‍ രാജാക്കന്മാരുടെ സാന്നിദ്ധ്യം ഒഴിഞ്ഞ ഉടനെ തന്നെ പൂര്‍വ്വമതത്തിലേക്ക് തിരിച്ചുപോയ ചരിത്രവുമുണ്ട്. അഫ്ഗാന്‍കാരനായ മുഹമ്മദ് ഗസ്‌നിയുടെ ആക്രമണകാലത്തെ ഒരു സംഭവം അദ്ദേഹത്തിന്റെ സെക്രട്ടറി എഴുതിയ ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ബുലന്ത് ശഹറിലെ ഹരിദത്ത എന്ന രാജാവ് മഹ്‌മൂദ് ഗസ്‌നിയുടെ പടയെ ഭയന്ന് പതിനായിരത്തോളം ആളുകളോടൊപ്പം ഇസ്‌ലാം മതം സ്വീകരിച്ചു. ഗസ്‌നി തിരിച്ചുപോയപ്പോള്‍ മുഴുവനാളുകളും ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുപോയി.
1193ല്‍ ഖുതുബുദ്ദീന്‍ ഐബക്ക് ബറാന്‍ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തെ ശക്തമായി പ്രതിരോധിച്ചത് ഹരിദത്തയുടെ പിന്‍ഗാമിയായ ചന്ദ്രസേനനും അനുയായികളുമായിരുന്നു. ഹസ്‌റത്ത് അഹ്‌മദ് (അ) പറഞ്ഞത് പോലെ ഈ രാജാക്കന്മാര്‍ക്ക് ഭൂമിയും സമ്പത്തും കവരുവാനല്ലാതെ മനുഷ്യഹൃദയങ്ങളെ ജയിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഹമ്മദ് ഗോറിയുടെ കാലത്ത് ഹൃദയപരമായ ഒരു പരിവര്‍ത്തനം നടന്നതായി ചരിത്രത്തില്‍ കാണാം.
പഞ്ചാബിലെ വടക്ക് ഭാഗത്തുള്ള പര്‍വ്വതങ്ങളില്‍ വസിക്കുന്ന രണശൂരരായ ഗഖാര്‍ ഗോത്രക്കാര്‍ മുസ്‌ലിം സേനകള്‍ക്ക് വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ ഗോത്രത്തിന്റെ നേതാവിനെ മാനസാന്തരം ചെയ്യിക്കാന്‍ മുഹമ്മദ് ഗോറിക്ക് സാധിച്ചു. ‘ഗോത്രത്തലവന്‍’എന്ന പദവി വീണ്ടും ആ ഗോത്രനേതാവിന് നല്‍കി ആ ഗോത്രക്കാരെയെല്ലാം പിന്നീട് ഇസ്‌ലാംമതം സ്വീകരിച്ചു.
നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ഏറ്റവും കുറ്റപ്പെടുത്തലിനു വിധേയനായ മുഗള്‍രാജാവാണ് ഔറംഗസീബ് ആലംഗീര്‍. അദ്ദേഹത്തിന്റെ തീവ്രമായ മതാഭിനിവേശമാണ് നീതിമാനും എളിയ ജീവിതം നയിച്ചവനുമായിരുന്ന ഔറംഗസീബിന് ഈയൊരു അവമതിപ്പുണ്ടാക്കാന്‍ കാരണം. വ്യക്തമായ രേഖകളുള്ള ഔറംഗസീബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ മതസഹിഷ്ണുതക്കുള്ള ധാരാളം തെളിവുകള്‍ ലഭിക്കുമ്പോള്‍ അന്യമത വിരോധത്തിന്റെ കെട്ടുകഥകള്‍ക്ക് ചരിത്രരേഖകളുടെ പിന്‍ബലമില്ല.
അതുപോലെ, വികൃതമാക്കപ്പെട്ട ചരിത്രമാണ് ടിപ്പുസുല്‍ത്താന്റെയും ഹൈദറലിയുടെയും. അവരുടെ യഥാര്‍ത്ഥ ചരിത്രരേഖകള്‍ മതസഹിഷ്ണുതയുടെ അത്ഭുതകരമായ അനേകം സംഭവങ്ങള്‍ വിളിച്ചോതുമ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന കെട്ടുകഥകള്‍ നേര്‍വിപരീതവും.
ഏതായാലും ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രത്തില്‍ മതപരമായ ആവേശം കാണിച്ച രാജാക്കന്മാര്‍ വിരലിലെയണ്ണാവുന്നവര്‍ മാത്രമാണ്. അവരാകട്ടെ സഹിഷ്ണുതയുടെ മൂര്‍ത്തീരൂപങ്ങളുമായിരുന്നു. മറ്റു മുസ്‌ലിം രാജാക്കന്മാര്‍ മിക്കവരും സുഖലോലുപരും സ്തുതിപാഠകരുടെ വലയത്തില്‍ കഴിഞ്ഞ വിഷയലംബടരും അക്രമകാരികളുമായിരുന്നു.
ഇന്ത്യയിലെ ഇസ്‌ലാംമത പ്രചാരണവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. മുസ്‌ലിം രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഡല്‍ഹിയിലും ആഗ്രയിലും മുസ്‌ലിം ജനസംഖ്യ വളരെ കുറവായത് തന്നെ ഇതിന്നുദാഹരണമാണ്. ഇന്ത്യയില്‍ രാഷ്ട്രീയ ഭരണം ഏറ്റവും ദുര്‍ബ്ബലമായിരുന്ന സമയത്തും സ്ഥലത്തുമായിരുന്നു ഇസ്‌ലാം ഏറ്റവും വമ്പിച്ച മിഷനറി വിജയങ്ങള്‍ നേടിയത്.
സൂഫിവര്യന്മാരും സാത്വികരായ മതപ്രബോധകരുമാണ് ഈ അത്ഭുതം കാഴ്ചവെച്ചത്. തെക്കെ ഇന്ത്യയില്‍ നിന്നു തന്നെ തുടങ്ങാം. ഏകദേശം പ്രവാചകന്റെ വിയോഗം കഴിഞ്ഞ ഉടനെത്തന്നെ ഇസ്‌ലാമിക മിഷനറിമാര്‍ കേരളത്തിലെത്തിച്ചേര്‍ന്നു. രാജാധികാരത്തിന്റെ പിന്‍ബലമില്ലാതെ കേരളക്കരയിലെ ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാംമതം സ്വച്ഛന്ദം പ്രചരിക്കുകയായിരുന്നു.
കേരളക്കരയിലെത്തിയ മാലിക്ബ്‌നുദീനാര്‍ എന്ന പ്രബോധകന്റെ പ്രവര്‍ത്തനങ്ങള്‍ മുഖേന ചേരമാന്‍ പെരുമാള്‍ എന്ന രാജാവ് ഇസ്‌ലാം മതം സ്വീകരിച്ചു അറേബ്യയിലേക്ക് പോവുകയാണുണ്ടായതെന്ന് കേരളത്തിലെ മുസ്‌ലിം പാരമ്പര്യം പറയുന്നു. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിശ്വപ്രശതസ്തനായ മൊറോക്കന്‍ സഞ്ചാരി ഇബ്‌നുബത്തൂത്ത കോഴിക്കോട്ടെ സാമൂതിരിമാര്‍ ഇസ്‌ലാം മത പ്രചാരണത്തിന് വമ്പിച്ച സഹായങ്ങള്‍ നല്‍കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കച്ചവടക്കാരും പ്രബോധകരുമായ അറബി വണിക്കുകളെ കോഴിക്കോട് ധാരാളമായി അദ്ദേഹം കണ്ടുമുട്ടിയതായി തന്റെ കൃതികളില്‍ പറയുന്നു. പക്ഷേ, ബ്രിട്ടീഷുകാരെപ്പോലെ ആ അറബികച്ചവടക്കാര്‍ ഈ നാടിനെ ഒരു കോളനിയാക്കിയില്ല. ഹിന്ദുക്കള്‍ പൊതുവേ കടല്‍ കടക്കാന്‍ ഇഷ്ടപ്പെടുകയോ ധൈര്യപ്പെടുകയോ ചെയ്തിരുന്നില്ല. ആയതിനാല്‍ കപ്പലുകളില്‍ കച്ചവടാവശ്യാര്‍ത്ഥം വരുന്ന അറബി വണിക്കുകളെ സഹായിക്കാന്‍ കടല്‍തീരത്തെ മുക്കുവ കുടുംബങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരി കല്‍പന പുറപ്പെടുവിച്ചതായും ഇബ്‌നുബത്തൂത്ത രേഖപ്പെടുത്തുന്നു.
ദക്ഷിണേന്ത്യയിലെ പ്രബലമായൊരു മുസ്‌ലിം ഗോത്ര വംശമായിരുന്നു റാവുത്തര്‍മാര്‍. ഒരു മുസ്‌ലിം സിദ്ധനായിരുന്ന സയ്യിദ് നാത്തര്‍ (നാദിര്‍) ശാ ആയിരുന്നു റാവുത്തര്‍മാരെ മതപരിവര്‍ത്തനം ചെയ്യിച്ച സൂഫിവര്യന്‍. പേര്‍ഷ്യക്കാരനായ അദ്ദേഹത്തിന്റെ കബര്‍ തൃശ്ശിനാപ്പള്ളിയില്‍ ഒരു മുസ്‌ലിം പുണ്യസ്ഥലമായി ഇപ്പോഴും സ്ഥിതിചെയ്യുന്നു.
തമിഴ്‌നാട്ടില്‍ മത പ്രബോധനം നടത്തിയ മറ്റൊരു മുസ്‌ലിം സൂഫിവര്യനായിരുന്നു ശാ അബ്ദുല്‍ ഹമീദ്. (1532-1600) വടക്കേ ഇന്ത്യയിലെ മണിക്പൂരില്‍ ജനിച്ച ആ മഹാന്‍ തഞ്ചാവൂരിനടുത്ത് നാഗൂറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. പരുത്തി കടയുകയും പരുക്കന്‍ തുണി നെയ്യുകയും ചെയ്യുന്നത് തൊഴിലാക്കിയ തൂരക്കുല മുസ്‌ലിംകള്‍ തങ്ങളുടെ മതപരിവര്‍ത്തനത്തിന് കാരണക്കാരായി പറയുന്നത് ബാബാ ഫക്‌റുദ്ദീനെയാണ്.
ഐതിഹ്യമനുസരിച്ച് ബാബാ ഫക്‌റുദ്ദീന്‍ സീസ്താനിലെ രാജാവായിരുന്നു. ഭരണം സഹോദരനെ ഏല്‍പിച്ച് കരിമ്പടം പുതച്ച് സിംഹാസനം വിട്ടിറങ്ങിവന്ന ബാബാ ഫക്‌റുദ്ദീനോട് ഇന്ത്യയിലേക്ക് പോകാന്‍ പ്രവാചകന്‍ സ്വപ്നത്തില്‍ കല്‍പ്പിക്കുകയുണ്ടായി. തൃശ്ശിനാപ്പള്ളിയില്‍ നാത്തര്‍ശായുടെ ശിശ്യത്വം സ്വീകരിച്ച ഫക്‌റുദ്ദീന്‍ പണുകൊണ്ട മലയില്‍ ഇസ്‌ലാം മതപ്രവര്‍ത്തനങ്ങള്‍ നടത്തി ജീവിച്ചു എന്നാണ് ഐതിഹ്യം.
ഒരു ഹൈന്ദവ ക്ഷേത്രത്തിനടുത്തായിരുന്നു ഫക്‌റുദ്ദീന്‍ താമസിച്ചത്. ഇത് ഇഷ്‌പ്പെടാത്ത രാജാവ് ഫക്‌റുദ്ദീന്‍ ക്ഷേത്രത്തിലെ പുരോഹിതനെക്കാള്‍ ദിവ്യനാണോ എന്നറിയാന്‍ പുരോഹിതനെയും ഫക്‌റുദ്ദീനെയും നീറ്റുകക്ക നിറച്ച ചാക്കില്‍ കെട്ടി കുളത്തിലെറിഞ്ഞു. പൂജാരി പിന്നെ പുറത്ത് വന്നില്ല. ബാബ നഗരത്തിന് പുറത്തുള്ള ഒരുകുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ സത്യം തെളിയിച്ചുകൊടുത്ത ബാബ ഫക്‌റുദ്ദീന് ക്ഷേത്രം പള്ളിയാക്കി രാജാവ് നല്‍കി എന്നുമാണ് അവിടുത്തെ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
പീര്‍ മഹാബീര്‍ ഖംദായത്ത് ഡക്കാനിലെ അറബ് പ്രബോധകരിലൊരാളായിരുന്നു. എ. ഡി. 1304ല്‍ എത്തിയ ഖംദായത്തിന്റെ ജീവിത വിശുദ്ധിയില്‍ സക്കാനിലെ നിരവധി കര്‍ഷകര്‍ ആകൃക്ടരാവുകയും ഇസ്‌ലാംമതം സ്വീകരിക്കുകയുമുണ്ടായി. അതുപോലെ 16ാം നൂറ്റാണ്ടില്‍ ബീജാപൂര്‍ ഭരിച്ചിരുന്ന ഇബ്രാഹിം ആദില്‍ശാ രണ്ടാമന്റെ ഗുരുനാഥനായ ഹാശിം പീര്‍ ഗുജറാത്തിയാണ് ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുത്ത മറ്റൊരു സൂഫിവര്യന്‍.
നാസിക്കില്‍ പ്രവര്‍ത്തിച്ച കീര്‍ത്തികേട്ട സൂഫിവര്യനായിരുന്നു ഷാ മുഹമ്മദ് സാദിഖ് സര്‍മസ്ത് ഹുസയ്‌നി. ഇദ്ദേഹത്തിന്റെ അനുയായി വൃന്ദം വളരെ വിപുലമായിരുന്നു. ബെല്‍ഗാമില്‍ പ്രവര്‍ത്തിച്ച രണ്ട് അറബ് മതാചാര്യന്മാര്‍ സയ്യിദ് മുഹദ് ബിന്‍ സയ്യിദ് അലി, സയ്യിദ് ഉമര്‍ ഹൈദ്രൂസ് ബശീബന്‍ എന്നിവരാണ്. വിശ്വപ്രശസ്തനായ സൂഫി ഭരണാധികാരി ഖലീഫാ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ സ്‌നേഹപൂര്‍ണമായ ക്ഷണമനുസരിച്ച് സിന്ധിലെ നിരവധി രാജാക്കന്മാര്‍ മുസ്‌ലിംകളായി എന്ന് ചരിത്രം പറയുന്നു.
ദരിദ്രരില്‍ ദരിദ്രനായി ജീവിച്ച സൂഫിവര്യന്മാരും സിദ്ധന്മാരുമായ ആയിരക്കണക്കിന് മഹാത്മാക്കളുടെ പരിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടരായിക്കൊണ്ടാണ് വമ്പിച്ച ജനാവലി ഇസ്‌ലാം മതം വിശ്വസിക്കാന്‍ കാരണമായത്.
അധികാരത്തിന്റെയോ നിര്‍ബന്ധത്തിന്റെയോ, പ്രലോഭനങ്ങളുടെയോ ഒരു ലാഞ്ചനപോലും ഈ ജനസഞ്ചയത്തിന്റെ വിശ്വാസമാറ്റത്തില്‍ ദര്‍ശിക്കാന്‍ സാധ്യമല്ല. ഇന്ത്യയിലെ സൂഫികളുടെ രാജാകുമാരനും സുപ്രസിദ്ധ മതപ്രബോധകനുമായിരുന്ന ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ (റ) ചരിത്രം നോക്കുക.
ദരിദ്രരുടെയും അശരണരുടെയും അഭയകേന്ദ്രം “ഗരീബ് നവാസ്”എന്ന ബഹുമതി പേരില്‍ അറിയപ്പെട്ടിരുന്ന ആ മഹാത്മാവിന്റെ ജീവിതം ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി. പേര്‍ഷ്യയിലെ സീസ്താനിലായിരുന്നു മഹാനവര്‍കള്‍ ജനിച്ചത്. ഇന്ത്യയിലെ ചിശ്തിയാ ത്വരീക്കത്തിന്റെ തുടക്കം കുറിച്ചത് ഈ പുണ്യാത്മാവായിരുന്നു.
അനേകം നാടുകളില്‍ ശിഷ്യസമേതം ചുറ്റിക്കറങ്ങിയ ഖാജ്വാ സാഹിബ് അഫ്ഗാനിസ്താന്റെ തലസ്ഥാനമായിരുന്ന ഗസ്‌നിയിലെത്തി. ഗസ്‌നിയില്‍ നിന്ന് പെശവാര്‍, കാബൂള്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് കൈബര്‍ ചുരം കടന്ന് ഖാജാ സാഹിബും ശിഷ്യന്മാരും പഞ്ചാബിലെ ലാഹോറിലെത്തി. അവിടെ ഒരു പീറിന്റെ ദര്‍ഗയില്‍ 40 ദിവസം താമസിച്ച ഖാജാ സാഹിബ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
ആ സന്ദര്‍ഭത്തില്‍ പടയോട്ടക്കാരനായ രാജാവ് മുഹമ്മദ് ഘോറിയെയും സൈന്യത്തെയും പഞ്ചാബിലെ സര്‍ഹിന്ദ് കോട്ടയില്‍ നിന്ന് ആട്ടിയോടിക്കാന്‍ ഡല്‍ഹിയും അജ്മീറും അടക്കി ഭരിച്ചിരുന്ന പൃഥ്വിരാജ് ഒരു സൈനിക മുന്നേറ്റം നടത്തുകയുണ്ടായി. എ. ഡി.1209ല്‍ പൃഥ്വിരാജിന്റെ രജപുത്ര സൈന്യത്തോട് മുഹമ്മദ് ഗോറിതോറ്റോടുകയായിരുന്നു.
ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഈയവസരത്തിലാണ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. ഘോറിയുടെ പേടിച്ചോടിയ സൈന്യം ഖ്വാജയെയും മുരീദുമാരെയും കണ്ടുമുട്ടി. ഉത്തരേന്ത്യയിലെ ഭീകരാവസ്ഥ വിവരിച്ച് അങ്ങോട്ട് പോകരുതെന്ന് പറഞ്ഞു. ഖ്വാജ തെല്ലും കൂസാതെ എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച് ധീരമായ കാല്‍വെപ്പുകളോടെ ഡല്‍ഹിയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
ഖ്വാജയെ ബന്ധനസ്ഥനാക്കാന്‍ നോക്കിയ പൃഥ്വിരാജിന്റെ സൈന്യങ്ങള്‍ ഖ്വാജാ ചിശ്തിയുടെ അഭൗമികമായ ആത്മീയതേജസ്സില്‍ ആകൃഷ്ടരാവുകയാണുണ്ടായത്. തേജസ്സാര്‍ന്ന ഹസ്‌റത്ത് സാഹിബിന്റെ മുഖം ദര്‍ശിച്ച മാത്രയില്‍ ഡല്‍ഹിയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികളായി മാറി. പിന്നീട് അജ്മീറിലെത്തിയ ഖ്വാജാസാഹിബ് പൃഥ്വിരാജിന്റെ ഒട്ടകങ്ങള്‍ മേയുന്ന കുന്നിന്‍ മുകളിലായിരുന്നു താവളം കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ ആത്മീയപ്രഭാവത്തില്‍ ആകൃഷ്ടരായി അനേകം ആളുകള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയും ചെയ്തു. ഇതുകണ്ട പൃഥ്വിരാജ് മുഈനുദ്ദീന്‍ ചിശ്തിയെ അവിടെ നിന്ന് തുരത്തിയോടിക്കാന്‍ ജയപാല്‍ എന്ന മന്ത്രവാദിയെ നിയോഗിച്ചു. അത്ഭുതകരമെന്ന് പറയട്ടെ മന്ത്രവാദിയായ ജയപാലും ബ്രാഹ്‌മണ പുരോഹിതന്മാരുടെ നേതാവായ രാംദേവും ഖാജയില്‍ ആകൃഷ്ടരായി അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു.
പൃഥ്വിരാജിന്റെ വിദ്വേഷം ഇതുകണ്ട് ആളിക്കത്തുകയാണ് ഉണ്ടായത്. ഖ്വാജയുടെ ഈ അതിശയകരമായ ധീരതയും ആരുടെയും സഹായമില്ലാതെ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസവും ദൃഢനിശ്ചയവും കണ്ട മുഹമ്മദ് ഘോറി ധൈര്യം സംഭരിച്ച് വീണ്ടും താനേശ്വറിനടുത്തുവെച്ച് പൃഥ്വിരാജിനെ ആക്രമിച്ച് പരാജയപ്പെടുത്തിയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
ചുരുക്കത്തില്‍, മുസ്‌ലിം രാജാക്കന്മാര്‍ തോറ്റോടിയ ഭാരതഭൂമിയിലേക്ക് സൂഫികളാണ് ധൈര്യസമേതം കടന്നുവന്ന് ഭാരതീയരുടെ ഹൃദയം കവര്‍ന്നെടുത്തത്. രാജാക്കന്മാര്‍ സ്വര്‍ണവും സമ്പത്തും ഭൂമിയും കയ്യടക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; സൂഫികളാകട്ടെ മനുഷ്യഹൃദയങ്ങളും.
കാശ്മീരിനും മുല്‍ത്താനും കാബൂളിനും ഇടയിലുള്ള ഉസയ്ഫാനിലെ രാജാവ് ഇസ്‌ലാംമതം സ്വീകരിച്ചത് സംബന്ധിച്ച് ഒരു കഥയുണ്ട്.
രാജാവിന്റെ മകന്‍ രോഗഗ്രസ്തനായപ്പോള്‍ പൂജാരിമാരോട് അവിടെയുള്ള വിഗ്രഹത്തിനുമുന്നില്‍ പ്രാര്‍ത്ഥിച്ച് രോഗശാന്തി കൈവരുത്തണമെന്ന് രാജാവ് കല്‍പ്പിച്ചു. വിഗ്രഹം പ്രാര്‍ത്ഥന സ്വീകരിച്ചതായി പൂജാരിമാര്‍ അറിയിച്ചു. പക്ഷെ കുറച്ചുകഴിഞ്ഞപ്പോള്‍ രാജകുമാരന്‍ മരിച്ചു. ക്രുദ്ധനായ രാജാവ് പുരോഹിതന്‍മാരെ വധിക്കുകയാണുണ്ടായത്. തുടര്‍ന്ന് മുസ്‌ലിം വ്യാപാരികളില്‍ നിന്ന് ഇസ്‌ലാം മത തത്വങ്ങള്‍ ഗ്രഹിച്ച രാജാവ് ദൈവത്തിന്റെ ഏകത്വത്തെ അംഗീകരിക്കുകയും ചെയ്തു.
1422ല്‍ സിന്ധില്‍ വന്നെത്തിയ യൂസുഫുദ്ദീന്‍ ഖാദിരിയ്യാ ത്വരീഖത്തിന്റെ മഹാനായ ആചാര്യന്‍ ശെയ്ഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ വംശ പരമ്പരയില്‍പ്പെട്ട ആളാണ്. ഒരു സ്വപ്നത്തില്‍ ശെയ്ഖ് ജീലാനി (റ) അദ്ദേഹത്തോട് ഇന്ത്യയിലേക്ക് പോയി ഇസ്‌ലാം മത പ്രചാരണം നടത്തുവാന്‍ ആവശ്യപ്പെടുകയും അതു പ്രകാരം അദ്ദേഹം ഇന്ത്യയില്‍ വരികയുമാണുണ്ടായത്. വളരെയധികം അത്ഭുതങ്ങള്‍ കാണിച്ച സിദ്ധനായിരുന്നു യുസുഫുദ്ദീന്‍ എന്ന് പറയപ്പെടുന്നു.
വിജയ ശ്രീലാളിതനായ ഒരു മതപ്രബോധകനായിരുന്നു അദ്ദേഹം. കച്ചിലും ഗുജറാത്തിലും പ്രവര്‍ത്തിച്ച ഒരു പീര്‍ ആയിരുന്നു പിറാനയിലെ ഇമാം ശാ. 15ാം നൂറ്റാണ്ടില്‍ പാവപ്പെട്ട കര്‍ഷകരിലായിരുന്നു ഈ സൂഫിവര്യന്‍ പ്രവര്‍ത്തിച്ചത്. ഹിന്ദു തീര്‍ത്ഥാടകരുടെ ഒരു സംഘം കാശിയിലേക്ക് തങ്ങളെ എത്തിക്കണമെന്ന് പീറിനോട് പറഞ്ഞു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ചുരുക്കത്തില്‍, രാജാക്കന്മാര്‍ അവഗണിച്ച ഇസ്‌ലാമിനെ ഇന്ത്യയില്‍ പ്രചരിപ്പിച്ചതും വളര്‍ത്തിയെടുത്തതും ഭക്തരും സൂഫികളുമായ ആയിരക്കണക്കിനു മുസ്‌ലിം ഭക്തന്മാരും നിസ്വരായ സൂഫിവര്യന്മാരുമായിരുന്നു. അവരുടെ നിഷ്‌കളങ്കവും പരമ പവിത്രവുമായ ജീവിതമായിരുന്നു ജനസഹസ്രങ്ങളെ ആകര്‍ഷിച്ച് ഇന്ത്യയില്‍ ഇസ്‌ലാമിന് സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തത്.
രാജാക്കന്മാരുടെ ഭരണകാലത്ത് ഇസ്‌ലാം ശോഷിക്കുകയാണ് ചെയ്തത്. ഇസ്‌ലാമിന്റെ അത്ഭുതകരമായ ഈ ചരിത്രനിയമം ഇസ്‌ലാമിന്റെ വിമര്‍ശകരും അനുകൂലികളും തിരിച്ചറിയേണ്ട ഒരാത്മീയ പ്രതിഭാസമാണ്.
റെഫറസൻസ്:
The Preaching of Islam – by Thomas Walker Arnold
അവലമ്പം: സൂഫിവര്യന്മാർ പ്രചരിപ്പിച്ച ഇസ്ലാം
എ. എം മുഹമ്മദ് സലീം , സത്യദൂതൻ – ജനുവരി 2003