നാം യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്. എന്തെന്നാല്‍, മനുഷ്യന് യുക്തി കാരണമാണ് ബാധ്യതയുള്ളവനായിത്തീരുന്നത്. യുക്തിവിരുദ്ധമായ സംഗതികള്‍ വിശ്വസിക്കാന്‍ ആരും തന്നെ നിര്‍ബന്ധിക്കപ്പെടാവതല്ല. ശരീഅത്തിന്റെ ഒരു കല്പനയും മനുഷ്യന്റെ കഴിവിനും ശക്തിക്കും അതീതമായി നല്കപ്പെട്ടിട്ടില്ല. “ലാ യുകല്ലിഫുല്ലാഹു നഫ്സന്‍ ഇല്ലാ വുസ്അഹാ.” അല്ലാഹുവിന്റെ കല്പനകള് പാലിക്കാന്‍ കഴിയാത്തവയല്ലെന്ന് ഈ വചനത്തില്‍ നിന്ന് വ്യക്തമാണ്. അല്ലാഹു ലോകത്ത് ശരീഅത്ത് കല്പന ഇറക്കിയത് സാഹിത്യസമ്പുഷ്ടിയും രചനാവൈഭവവും നിയമജ്ഞതയും കഥാഖ്യാന കഴിവും മനുഷ്യനു മേല്‍ പ്രകടിപ്പിച്ച് ഊറ്റം കൊള്ളാൻ വേണ്ടിയല്ല. ദുര്‍ബലനും വിവരദോഷിയുമായ മനുഷ്യന് ഒരിക്കലും ഈ കല്പനകളനുസരിച്ച് ജീവിക്കരുതെന്ന് തീരുമാനിച്ചുറപ്പിച്ചിട്ടുമില്ല. അത്തരം പാഴ്വേലകളിൽ നിന്നും ദൈവം പരിശുദ്ധനാകുന്നു. ലോകത്ത് ഒരു മനുഷ്യനും ശരീഅത്ത് പിന്പറ്റാനും ദൈവകല്പനകളെ പാലിക്കാനും സാധ്യമേയല്ല എന്നത് ക്രിസ്താനികളുടെ വിശ്വാസമാണ്. പിന്നെ ദൈവത്തിന് ശരീഅത്ത് അയക്കേണ്ട ആവശ്യമെന്താ യിരുന്നുവെന്നു പോലും ഈ അജ്ഞര്‍ അറിയുന്നില്ല. ഇവരുടെ വിശ്വാസപ്രകാരം പ്രവാചകന്മാരില് അല്ലാഹു ശരീഅത്ത് ഇറക്കിയത് ഒരു പാഴ്വേലയത്രേ. വാസ്തവമെന്തെന്നാൽ, ഈ പാപപരിഹാര സിദ്ധാന്തം പടുത്തുയര്‍ത്താന്‍ ക്രിസ്ത്യാനികള്‍ക്ക് ദൈവത്തിന്റെ പരിശുദ്ധാസ്തിത്വത്തില് ഇത്തരം ന്യൂനതകള്‍ ചമയ്ക്കേണ്ടതുണ്ടായിരുന്നു. സ്വയംകൃതമായ ഒരു വിഷയം സ്ഥാപിക്കുമ്പോള്‍ അത് ദൈവാസ്തിത്വത്തില്‍ എത്രമാത്രം കളങ്കം ചാര്ത്തുന്നുണ്ടെന്നവര് ഗൗനിക്കാത്തതില്‍ ഞാന്‍ ഏറെ അദ്ഭുതപ്പെടുകയാണ്.
ഖുര്ആനികധ്യാപനത്തിലെ ഓരോ കല്പനയും; ലക്ഷ്യവും ജ്ഞാനവും ഉള്‍ക്കൊള്ളുന്നതാണ്.
എന്നാല്‍, വിശുദ്ധ ഖുര്‍ആന്റെ ഒരു സവിശേഷതയെന്തെന്നാൽ, അതിലെ ഓരോ കല്പനയ്ക്കും പിന്നില്‍ ഒരുലക്ഷ്യവും ജ്ഞാനവുമുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ബുദ്ധി, വിവേകം, ഗാഢചിന്ത, വിശ്വാസം ഇവയെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന് ഊന്നല്‍ നല്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് വിശുദ്ധ ഖുര്‍ആനെ ഇതരഗ്രന്ഥങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന സവിശേഷത. ഒരുമതഗ്രന്ഥവും തങ്ങളുടെ അധ്യാപനത്തെ യുക്തിയുടെയും ഗാഢചിന്തയുടെയും സൂക്ഷ്മമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാന്‍ ധൈര്യം കാണിച്ചിട്ടേയില്ല. അവ്യക്തമായ സുവിശേഷത്തിന്റെ തന്ത്രശാലികളായ അനുയായികള്‍ സുവിശേഷപാഠങ്ങള് യുക്തിയുടെ പരീക്ഷകള്‍ക്ക് വിധേയമാകുമ്പോള്‍ കേവലം നിര്‍ജീവമാണെന്ന് മനസ്സിലാക്കിയതോടെ ത്രിയേകത്വവും പാപപരിഹാരസിദ്ധാന്തവും മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ രഹസ്യജ്ഞാനങ്ങളാണെന്ന തത്ത്വം കൗശലത്തോടെ കൂട്ടിച്ചേര്‍ത്തു. നേരെമറിച്ച്, ഇതുസംബന്ധമായ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനമിതാണ്: “ഇന്ന ഫീ ഖല്‍ഖിസ്സമാവാത്തി വല്‍ അര്‍ളി……” അതായത്, ആകാശഭൂമികളുടെ സൃഷ്ടിപ്പും രാപകലുകള്‍ മാറിമറിയുന്നതും വിവേകികള്‍ക്ക് അല്ലാഹുവിനെ സംബന്ധിച്ച വ്യക്തമായ വിവരം നല്കുന്നു. ഇതിലേക്കാണ് ഇസ്ലാം മതം ക്ഷണിക്കുന്നത്. ചിന്തകരായ ആളുകള്‍ തങ്ങളെ ചിന്താശക്തിയെയും ബുദ്ധിശക്തിയെയും ഉപയോഗപ്പെടുത്തണമെന്ന് എത്രസ്പഷ്ടമായാണ് പ്രതിപാദിച്ചിരിക്കുന്നത്!
(ജൽസ പ്രഭാഷണം, 1897 ഡിസംബർ 25)
പരിഭാഷ : ആരിഫ് മുഹമ്മദ് കോഴിക്കോട്