“വ മിന്‍ റിബാത്വില്‍ ഖൈലി…..വ അദുവ്വുക്കും (അന്‍ഫാല്‍:61) യാ അയ്യുഹല്ലദീന ആമനൂ….വറാബിത്വൂ.” (ആലുമ്രാന്‍ 201) ‘അതിര്‍ത്തിയില്‍ കുതിരയെ കെട്ടി നിര്‍ത്തുക; ദൈവത്തിന്‍റെയും നിങ്ങളുടെയും ശത്രുക്കള്‍ നിങ്ങളുടെ ഈ തയാറെടുപ്പിനെയും കഴിവിനെയും ചൊല്ലി ഭന്നുകൊണ്ടിരിക്കുന്നതിനുവേണ്ടി. വിശ്വാസികളേ, സഹനം കൈകൊള്ളുകയും ക്ഷമകാണിക്കുകയും സൂക്ഷിക്കുകയും ചെയ്യുക.’
ശത്രുക്കളുടെ അതിരുകളില്‍ കെട്ടുന്ന കുതിരകള്‍ക്കാണ് ‘റിബാത്വ്’ എന്നു പറയുന്നത്. ശത്രുക്കളെ നേരിടാന്‍ തയാറായിരിക്കണമെന്ന കല്പന അല്ലാഹു സഹാബാക്കള്‍ക്ക് നല്കുന്നു. ഈ ‘റിബാത്വ്’ എന്ന പദത്തിലൂടെ പൂര്‍ണമായി തയാറെടുക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. അവര്‍ക്ക് രണ്ടു ചുമതലകളുണ്ടായിരുന്നു. ബാഹ്യശത്രുക്കളെ നേരിടല്‍; മറ്റൊന്ന് ആത്മീയ സമരമാണ്. ‘റിബാത്വ്’ എന്നതിന് നിഘണ്ടുകള്‍ നല്കുന്ന അര്‍ഥം ആത്മാവ് മനുഷ്യഹൃദയം എന്നൊക്കെയാണ്. ഒരു സൂക്ഷ്മവശം ഇതിലുള്ളത് ഇണങ്ങിയ പരിശീലനം ലഭിച്ചകുതിരകളാണ് പ്രയോജനപ്രദം എന്നതാണ്. കുട്ടികളെ സ്കൂളില്‍ അയച്ച് പ്രത്യേക ശ്രദ്ധയോടും സംവിധാനത്തോടും പഠിപ്പിക്കുന്നതു പോലെയാണ് ഇക്കാലത്ത് കുതിരകളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ഇണക്കുകയും ചെയ്യുന്നത്. അവയെ പരിശീലിപ്പിക്കുകയും ഇണക്കുകയും ചെയ്യാതിരുന്നാല്‍ അവ തികച്ചും ഒന്നിനും കൊള്ളാത്തവയായിത്തീരും. അവ ഗുണം നല്കുന്നതിനു പകരം ഭയാനകവും വിപരീതഫലം ഉളവാക്കുന്നവയും ആയിത്തീരും.
മനുഷ്യാത്മക്കളും പരിശീലനം സിദ്ധിച്ചവരായിരിക്കണം എന്നതിലേക്കാണ് ഈ സംഗതി വിരല്‍ ചൂണ്ടുന്നത്. അവരുടെ കഴിവുകളും പ്രാപ്തികളും ദൈവികപരിധിക്ക് അധീനമായി നടക്കുന്നവയാകണം. അങ്ങനെയല്ലായെങ്കില്‍, മനുഷ്യനും അവന്‍റെ ബദ്ധശത്രുവായ സാത്താനും തമ്മില്‍ അനുനിമിഷം നടന്നു കൊണ്ടിരിക്കുന്ന ആന്തരികസംഘര്‍ഷത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെയാകും. യുദ്ധത്തിലും യുദ്ധമൈതാനത്തിലും കായികബലത്തോടൊപ്പം പരിശീലനവും അനിവാര്യമാണെന്ന പോലെ ഈ ആന്തരികയുദ്ധത്തിനും മനുഷ്യാത്മാക്കള്‍ക്ക് ശിക്ഷണവും വേണ്ടത്ര പരിശീലനവും ആവശ്യമാണ്. അല്ലാത്തപക്ഷം, സാത്താന് കീഴടങ്ങലായിരിക്കും ഫലം. അവന്‍ അങ്ങേയറ്റും നിന്ദ്യനും അപമാനിതനുമായിത്തീരുന്നതാണ്. ഉദാഹരണമായി, ഒരാൾക്ക് തോക്കും പീരങ്കികളുമടങ്ങിയ പടക്കോപ്പുകളെല്ലാം കൈമുതലുണ്ടായിട്ടും അവ ഉപയോഗിക്കുന്നതില്‍ കേവലം അജ്ഞനാണെങ്കില്‍ അയാള്‍ക്ക് ശത്രുക്കള്‍ക്കെതിരില്‍ വിജയം വരിക്കാനാവില്ല. അതുപോലെ അമ്പും വെടിയുമെല്ലാം ഉപയോഗിക്കാന്‍ അറിയുമെങ്കിലും അതിനു വേണ്ട ശക്തി അയാളുടെ കരങ്ങള്‍ക്കില്ലെങ്കില്‍ അപ്പോഴും വിജയം കൈവരിക്കാന്‍ കഴിയില്ല. ഇതില്‍ നിന്ന്, വ്യായാമവും പരിശീലനവും മുഖേന കൈകള്‍ക്ക് ശക്തിയും ഊര്‍ജവും പകരാത്തിടത്തോളം കേവലം യുദ്ധമുറകളും ഉപയോഗ രീതികളും പഠിക്കുന്നതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് മനസ്സിലാക്കാം. വ്യായാമവും പരിശീലനവും ഇല്ലാത്ത വ്യക്തിക്ക് ഇനി വാള്‍പയറ്റ് അറിഞ്ഞാല്‍ തന്നെ യുദ്ധമൈതാനത്ത് മൂന്നുനാലു പ്രാവശ്യം വാള്‍വീശി അടവുകള്‍ കാണിക്കുമ്പോഴെക്കും അയാളുടെ കൈകള്‍ കുഴഞ്ഞു ക്ഷീണിച്ചു ഒന്നും ചെയ്യാന്‍ പറ്റാതെയാകും. ഒടുവില്‍ സ്വയം തന്നെ ശത്രുവിന് ഇരയാകുന്നതാണ്.
ആകയാല്‍ നല്ലപോലെ മനസ്സിലാക്കുക, പ്രവര്‍ത്തനവും പരിശ്രമവും പരിശീലനവും ഉണ്ടാകാതിടത്തോളം വെറും അറിവും യുക്തികൗശലവും ശുഷ്കമായ വിദ്യാഭാസവുമെല്ലം നിഷ്പ്രയോജനമാണ്. നോക്കൂ, ഈ ചിന്തയാലാണ് സര്‍ക്കാര്‍ പോലും സൈന്യത്തെ വെറുതെയിരിക്കാന്‍ വിടാത്തത്. സമാധാനദിനങ്ങളില്‍ പോലും യുദ്ധസാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു കൊണ്ട് സൈന്യത്തെ പ്രവര്‍ത്തനനിരതരാക്കുന്നു. അഭ്യാസം, പരേഡ് തുടങ്ങിയവ നടന്നുകൊണ്ടിരിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ പറഞ്ഞതു പോലെ, യുദ്ധഭൂമിയില്‍ വിജയം വരിക്കുന്നതിന് ഒരുഭാഗത്ത് ആയുധങ്ങള്‍ ഉപയോഗിക്കേണ്ട രീതിയും മറ്റും അനിവാര്യമാകുന്നിടത്ത് പരിശീലനവും വേണ്ടവിധം ഉപയോഗിക്കേണ്ടതിന്‍റെയും ആവശ്യക്തയുണ്ട്. മാത്രമല്ല, യുദ്ധങ്ങളില്‍ പരിശീലനം സിദ്ധിച്ച കുതിരകളും വേണം. അതായത്, വെടിയൊച്ചകളെയും പീരങ്കികളെയും ഭയക്കാത്തവയും പൊടിപടലങ്ങളില്‍പ്പെട്ട് എങ്ങോട്ടുപോകണമെന്നറിയാതെ പിന്മാറിനില്ക്കുന്നവയും ആകരുത്. മറിച്ച്, അവ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നവയായിരിക്കണം. ഇതേപോലെ, സമ്പൂര്‍ണ പരിശീലനവും കഠിനധ്വാനവും യഥാര്‍ഥ വഴക്കവുമില്ലാതെ കണ്ട് യുദ്ധമൈതാനത്ത് ദൈവശത്രുക്കള്‍ക്കെതിരില്‍ വിജയം നേടാൻ സാധ്യമല്ല.
(ജൽസ പ്രഭാഷണം, 1897 ഡിസംബർ 25)
പരിഭാഷ : ആരിഫ് മുഹമ്മദ് കോഴിക്കോട്